മതം
മതം
തത്ത്വജ്ഞാനികളായ മഹാത്മാക്കളുടെ അഭിപ്രായമത്രേ മതം എന്നു പറയുന്നത്.
മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരുത്തമ ആദര്‍ശത്തിലേക്കു നയിക്കുന്നതുമായിരിക്കണം.
സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്ഗ്ഗദര്ശികള് മാത്രമാണ് മതങ്ങള്‍.
ജീവാത്മാക്കള്‍ക്ക് ഊര്‍ദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളു. അതുണ്ടായിക്കഴിഞ്ഞാല്‍ സൂഷ്മം അവര്‍ താനേ അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.
സൂഷ്മമറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവന് പ്രമാണമാണ്.
സനാതനമായ ഏതെങ്കിലും ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്ക്കാന് കഴിയുന്നതല്ല.
ഏതെങ്കിലും മതവുമായി നമുക്ക് പ്രത്യേക ബന്ധമൊന്നുമില്ല. നാമായി ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. നാം പ്രത്യേക ജാതിയിലോ ഉള്‍പ്പെടുന്നുമില്ല. മനുഷ്യന് ഒരു ജാതി. അതാണ് നമ്മുടെ മതം.
മതം കമ്പനി പോലെയാണ്. ചേര്‍ക്കുന്നവരുടെ ശേഷിയും നയവും മൂലധനത്തിന്റെ കൂടുതലും അനുസരിച്ച് ഓഹരിക്കാര്‍ ചേര്‍ന്നെന്ന് വരും.
ശാരീരികമായും മാനസ്സികമായും ആത്മീയമായുമുള്ള സര്‍വ്വശ്രേയസ്സുകളും ഒരു സമുദായത്തിന് വന്ന് ലഭിക്കുന്നതില്‍ സമുദായാംഗങ്ങളുടെ മതനിഷ്ഠയും സദാചാരവും വലുതായി സഹായിക്കുന്നതാണ്.
മതം ഒരോരുത്തരുടേയും ഇഷ്ടം പോലെയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണം.
മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം.
മതം ഇഷ്ടം പോലെ പറയുവാനും ഒന്നും ഇല്ലെന്ന് പറയുവാനും സ്വാതന്ത്ര്യം വേണം.
ആരുടേയും മതസ്വാതന്ത്ര്യത്തെ തടയരുത്.
മതം എന്നുവച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ച് കഴിയാം. ജാതിഭേദം വരരുത്. അതാണ് വേണ്ടത്. അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.
ഒരു മതം ഇഷ്ടം പോലെ നിശ്ചയിക്കണം. ഹിന്ദുമതമോ ധര്മ്മമതമോ ഏതെങ്കിലും ഇഷ്ടംപോലെ എടുക്കാമല്ലോ.
മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ടുവശങ്ങള്‍ ഉണ്ട്. ഇവയില്‍ ഏതിനാണ് പരിവര്‍ത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കില്‍ അത് മതപരിവര്‍ത്തനമല്ല. സമുദായപരിവര്‍ത്തനമാണ്.
ആഭ്യന്തരമതത്തിനു പരിവര്‍ത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടു തന്നെയിരിക്കുന്നു. അത് വിജ്ഞാന വര്‍ദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആര്‍ക്കും മാറ്റുവാന്‍ കഴിയുന്നതല്ല.
ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.
മനുഷ്യന് നന്നാകുമ്പോള്‍ മതം മാറി. മത്സ്യമാംസം ഉപയോഗിക്കുന്നവന് അതു മാറുമ്പോള്‍ അവന്റെ ആ മതം മാറി. ആ മാറ്റമാണ് മാറ്റം. അതാണ് നല്ലത്.
മതം (ആന്തരീകമായി) മാറുകയും പുറമേ കള്ളം പറയുകയും ചെയ്യുന്നതു കഷ്ടവും പാപവുമാണ്.
മതം മനസ്സിന്റെ കാര്യമാണ്. എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോടു കൂടിയാണ്.
സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയുവാനും പഠിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യുവാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും.
മതം എന്ന വാക്കിന്റെ നാനാര്‍ത്ഥമാണ് ഭ്രമത്തെ ഉണ്ടാക്കുന്നത്. എല്ലാ മതങ്ങളുടേയും ഉദ്ദേശ്യം ഒന്നു തന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ?
സാഹോദര്യത്തിനു മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും മുഖ്യത കല്പിക്കുന്നു. എന്നാല്‍ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ, സാഹോദര്യമാണ് ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നുവെങ്കില്‍ അതിനെ വൃഥാ വിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ?
മനുഷ്യര്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ അന്യോന്യം പൊരുതുന്നത്. അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. എല്ലാവരും ആത്മസുഖത്തിനായി മാത്രമാണ് സദാ ശ്രമിക്കുന്നതെന്നറിഞ്ഞ് അവരവരുടെ അകതാരടക്കി ശാന്തമായി കഴിയണം.
മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പ്പിക്കുവാന് കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടു കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം.
ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്ന് മോചനം.
സാമന്യജനങ്ങള്ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തിന് ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം.
മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന് ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന് നന്നാകണം. ജാതി പോകണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം. ക്രിസ്തുമതത്തിലും മുഹമ്മദുമതത്തിലും എങ്ങും മാറ്റമില്ല.
യഹോവായ്ക്ക് എബ്രായ ഭാഷയും ബ്രഹ്മാവിന് പ്രാചീന സംസ്കൃത ഭാഷയുമേ നിശ്ചയമുണ്ടായിരുന്നുള്ളോ? വേദപ്രതിപാദിതങ്ങളായ തത്വങ്ങള്‍ അപൗരുഷേയങ്ങളാണ് എന്നും അര്‍ത്ഥമാക്കാം.
അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.