സമാധിഗാനം
സമാധിഗാനം
(സഹോദരൻ അയ്യപ്പൻ)
ജരാരുജാമൃതി ഭയമെഴാശുദ്ധ-
യശോനിർവ്വണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിൻ ദേവ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ
തവവിയോഗാർത്തിപരിതപ്തർ ഭവൽ-
കൃതകപുത്രരാമനേക ലക്ഷങ്ങൾ
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവൻ സദ്ഗുരോ
മനോവിജയത്തിൻ തികവാൽ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി ഒരുനാളും
ഞങ്ങൾക്കൊരു കണ്ണു കാണ്മാൻ
കഴിയാതായല്ലോ പരമസദ്ഗുരോ
കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവന മനോജ്ഞവാണികൾ
ചൊരിയുമാനാവു തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ
ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളിൽ ഞങ്ങൾ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാൻ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ
മതമേതായാലും മനുഷ്യൻ നന്നായാൽ
മതിയെന്നുള്ളൊരു സ്വതന്ത്രവാക്യത്താൽ
മതനിഷേധവും മതസ്ഥാപനവും പരിചിൽ
സാധിച്ച പരമസദ്ഗുരോ
ഭരതഭൂമിയെ വിഴുങ്ങും ജാതിയോട-
ടരിനായ് ഭവാനണിനിരത്തിയ
വലിയസേനകൾ പടനായകൻ പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ
വിമലത്യാഗമേ മഹാസന്ന്യാസമേ സമതബോധത്തിൻ പരമപാകമെ ഭുവന ശുശ്രൂഷേയഴുതാലും നിങ്ങൾ -
ക്കെഴുന്ന വിഗ്രഹം വിലയമാണ്ടുപോയ്
ത്രികരണശുദ്ധി നിദർശനമായി പ്രഥിതമാം ഭവൽചരിതം ഞങ്ങൾക്കു
ശരണമാകണ ശരണമാകണെ ശരണമാകണെ പരമസദ്ഗുരോ