ജാതി
ജാതി
ജാതികൊണ്ട് ഒരു ഗുണവുമില്ല. അതു സ്വാതന്ത്ര്യം തടയുന്നു, ബുദ്ധി നശിപ്പിക്കുന്നു.
ചിലര്‍ക്ക് പണവും പഠിപ്പും ശുചിത്വവും കൂടുതലുണ്ടാകാം. മറ്റുചിലര്‍ക്ക് അതൊക്കെ കുറവായിരിക്കാം. ചിലരുടെ നിറമായിരിക്കില്ല മറ്റുള്ളവരുടെ നിറം. ഈമാതിരി വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതിവ്യത്യാസമില്ല.
ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്. ജാതി കളയണം. അല്ലാതെ രക്ഷയില്ല.
അധഃകൃതവർഗ്ഗക്കാർ എന്നൊരു പ്രത്യേക വര്‍ഗ്ഗമില്ല. ശുദ്ധിയുള്ളവര്‍ - ശുദ്ധിയില്ലാത്തവര്‍, വിദ്യയുള്ളവര്‍ - വിദ്യയില്ലാത്തവര്‍, പണമുള്ളവര്‍ - പണമില്ലാത്തവര്‍ എന്നീവക വ്യത്യാസങ്ങളേയുള്ളൂ.
ഇപ്പോള്‍ ജാതിഭേദത്തില്‍ നിന്നും തന്മൂലമായ കലഹത്തില്‍ നിന്നുമാണ് ലോകത്തിന് മോചനം ലഭിക്കേണ്ടത്.
ശൂദ്രജാതിയില്‍ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവന് വേദം പഠിച്ചുകൂടായെന്ന് ഏതു ഭഗവാന് പറഞ്ഞാലും അത് ഇന്നാരും വകവച്ചുകൊടുക്കുകയില്ലല്ലോ. ഒരു വിധത്തിലും നീതികരിക്കാന്‍ വയ്യാത്ത ഒരു വ്യവസ്ഥയാണത്.
മനുഷ്യന് കെട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്തു പ്രയോജനം? ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അത് ആവശ്യമില്ല. ജാതി ഇല്ല. ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.
മനുഷ്യനു ജാതിയില്ല എന്നു നാം പറഞ്ഞതായി എഴുതിവയ്ക്കണം. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്. എഴുത്തുകുത്തുകളില്‍ ജാതി കാണിക്കരുത്. ഇങ്ങനെയായാല്‍ ജാതിതന്നെ പോകും.
ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണമെന്ന് നമുക്ക് വിചാരമുണ്ട്. പലരോടും പറഞ്ഞിട്ടുണ്ട്. ആരും ശ്രമിക്കാനില്ല. കഴിയുമോ?
മേല്‍ജാതി എന്നും കീഴ്ജാതി എന്നുമുള്ള വിചാരം ഇല്ലാതാക്കണം.
ജാതി എന്നൊന്നില്ലാത്തതാണ്. ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ ആളുകള്‍ എന്തു പാടുപെട്ടു. ഇപ്പോഴും അതിനെ നിലനിര്‍ത്താന്‍ ശ്രമപ്പെടുന്നു. എന്നാല്‍ അത് ഇല്ലാത്തതാണെന്നറിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ജാതിപ്പേര് ഉപേക്ഷിക്കാന്‍ പാടില്ലേ? ജാതി ഇല്ലാത്തതാണല്ലോ?! ഉള്ളതെഴുതണം. മതത്തിന്റെ പേരെഴുതട്ടെ.
മനുഷ്യന് ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടവും പരക്കണം. ജാതി പോകും.
പേരൂരു തൊഴിലീമൂന്നും പോരുമായതു കേള്‍ക്കുക ആരു നീയെന്നു കേള്‍ക്കേണ്ടാ നേരു മെയ് തന്നെ ചൊല്കയാല്
മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.