ഈശ്വരപ്രാർത്ഥന
ഈശ്വരപ്രാർത്ഥന
1. മാനത്തുമൂഴിയിലുമാഴിയിലും പ്രകശ -
ആനന്ദരൂപമൊടു കൂടി നിറഞ്ഞു നിത്യം
ആനന്ദപൂർണ്ണ നില പൂണ്ടരുളും വിഭോ!നിൻ
ധ്യാനത്തിലെൻ്റെ ഹ്യദയം ലയമാർന്നിടട്ടെ
2. പ്രത്യക്ഷമായ തവ ശക്തിയെ മായമാറ്റാ-
നത്യന്ത ഭക്തിയോടു വാഴ്ത്തുക മർത്ത്യധർമ്മം
നിത്യം ഭവച്ചരണ സേവനമെന്റെ സർവ്വ -
കൃത്യങ്ങളിൽ പ്രഥമമായ് വരണേ കൃപാലോ.
3.എന്നാലുപദ്രവമൊരുത്തനുമൊന്നു കൊണ്ടു
മെന്നാളുമേൽകരുതു ഞാൻ കരുതാതെകണ്ടും
നന്നായ്വരട്ടെ മമ വൈരി ജനങ്ങൾ പോലു_
മെന്നാകണം മ്മ മനസ്സു ജഗത്സ്വരൂപ!
4.ഏതാകിലും മ്മ ഫലേച്ഛപെടാതെ നിത്യം
ഗീതാവചസ്സുകളിലെന്റെ
മനസ്സു മുങ്ങി ജാതാദരം സകല കർമ്മ
വുമാചരിപ്പാൻ ഭൂതാധിനാഥ! മതിയിൽ സ്ഥിതി ചെയ്യണം നീ
5.ശോകാദി ചിന്തകളിൽ നീന്തിടു മന്തരംഗ-
മേകാഗ്രമാക്കിയലയറ്റെഴു മാഴി പോലെ
ശോകപ്രണാശി ഭജനം വിജനത്തിലെന്നു -
മാകാനെനിക്കു തരമെന്നിനി വന്നിടുന്നു?
6.ഈ വാസാനാനദിയിലെന്മതി വഞ്ചിതറ്റി
പ്പോവാതെ നല്ല വഴിയിൽ കര പറ്റിടാനും
ദേവാദിദേവ ദശതൻ ദുരിതം കെടാനും
സേവാമൃതം ഹൃദിയുദിച്ചുയരുന്നതെന്നാം
7.ഗാനം പൊഴിച്ചു കളിയാടി കിളിക്കിടാങ്ങൾ
ആനന്ദമാത്മ വശമെന്നറിയിച്ചിട്ടുന്നു
ജ്ഞാനസ്വരൂപ തവ ചിന്തയൊടന്തരംഗം
ആനന്ദനന്ദനവനത്തിൽ വസിച്ചിടട്ടെ!
8.കൈവല്യമായ വഴികാട്ടി വിശിഷ്ട ഭക്തി
കൈവന്നിവന്നു പൊരുളാലിരുളാകെ നീക്കാൻ
ദൈവത്തിനൊത്ത ഗുരുവര്യനെയും വരിച്ചു
വൈവശ്യമാകെ അകലാനിടയാകണം മേ!
9.ഈ ലോകയാത്രയിലടയ്ക്കു മുടക്കമോരോ-
ന്നാലോചിയാതെ വരുമെങ്കിലുമെന്റെ ചിത്തം
ആലോലമാകരുതു പിൻതിരിയാതെ നിന്റെ
കാലോർത്തു കാലമിവനിങ്ങു കഴിച്ചിടട്ടെ!
10.നിന്നംശമാണൊരണു ജീവിയുമെന്ന ബോധം
എന്നന്തരംഗമതിലെന്നു വളർന്നു കാണും
എന്നല്ല ഞാൻ കളിയിലും കളവോതിടാതെ -
യെന്നക്ഷയം സുകൃതമാർന്നു കൃതർത്ഥനാവും ?
11.ക്ലേശാദിയാമൊരുവനത്തിനു വഹ്നിയായു-
മാശാ പിശാചിനൊരു മാരണ മന്ത്രമായും
ഈശാനുഷംഗമരുളും പൊരുളായുമാളും
ഓം ശാന്തി യെന്നറിവെഴുന്നതു മേതുകാലം?'
12.എന്നുള്ളമാണുലകിലിസ്സുഖദുഃഖ മൂല-
മെന്നുള്ള നല്ലുപനിഷത്തിലെഴുന്നതത്വം
എന്നും ധരിച്ചു ജഗദീശ! മനസ്സിളക്ക-
മൊന്നും വരാതെ വരുവാൻ വരമേകിടേണം.
13.ഓം ശാന്തി യെന്നറിവെഴുന്ന മഹത്വമന്ത്രം
ഞാൻ ശാന്തിയാർന്നുരുക്കഴിപ്പു സുഖേന നിത്യം
ആശാദിവൈരികളെവെന്ന മനസ്സാമാധൗ
പേശാതിരിപ്പതിനു സംഗതി വന്നിടേണം
14.രാഗാദിദോഷമകലെക്കള വാനുമെന്റെ
രോഗാധിയൊക്കെയുമകന്നു സുഖം വരാനും
യോഗേശ! നിൻ കൃപ ലഭിച്ചു വിശിഷ്ടരാജ-
യോഗാലിവന്റെ മനമെന്നു ലയിച്ചിടുന്നു!
15.കുംഭിച്ചിരുന്നു മനമെങ്ങുമയച്ചിടാതെ
വമ്പിച്ച രേചകമതിൽ സ്ഥിര ബുദ്ധിപൂർവ്വം
അംഭോജമൊട്ടു നിറമൊത്ത ഭവത്സ്വരൂപം
ശംഭോ നിനപ്പതിനു സംഗതി വന്നിടേണം
16.എന്മാനസത്തിൽ വിലസുന്ന വിശേഷ ജീവൻ
നിന്മേനിയോർത്തു നിയതം നിധിയെന്നപ്പോലെ
പോന്നെ വസിപ്പതിനു സംഗതി വന്നുവെന്നാ-
ലന്നാണു ഞാൻ സുകൃതി ഹേ! സുകൃതാംബുരാശേ!
17.വന്മോഹ വാരിധിയിൽ വീണു വലഞ്ഞിടുമ്പോൾ
നിന്മേനി നിന്നടിമയെ കരകേറ്റി ടേണം
വന്മത്സരം, ചതി, യസൂയ, യതീവകാമം
വന്മായ ബന്ധമിവയൊക്കെ നശിച്ചിടട്ടെ!
18.നിത്യം ശിവന്റെ തിരുനാമമുരപ്പ വന്നു
സത്യം പുനർജ്ജനനമില്ലിതു നിർവ്വിവാദം
മുക്തിക്കു മറ്റുവഴിയെന്തിനു തേടിടുന്നു
ഭക്ത്യാ ഭജിക്ക കരണത്രയശുദ്ധിപൂർവ്വം
19.മംഗളം ഭവതു മംഗളം സദാ
മംഗളം ദിശതു മംഗളൻ പരൻ
മംഗളം സ്തുതി പഠിപ്പർക്കു സ-
ന്മംഗളം സകല പാപനാശനം
(സദ്ഗുരു ബോധാനന്ദ സ്വാമി)